9th IDSFFK BLOG

(Maintained by IDSFFK Media Cell)

Tuesday, 14 June 2016

ജീവിതം; മനുഷ്യന്റേതും മൃഗങ്ങളുടേതും


ഒന്‍പതാമത് ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ അവസാനദിനം ആസ്വാദകരെ തേടിയെത്തിയത് ജീവിതഗന്ധിയായ ഒരുപിടി ചിത്രങ്ങള്‍. സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ മാനസികാവസ്ഥ വിവരിക്കുന്ന 23 ചിത്രങ്ങളാണ് അവസാനദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്.  ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തിലെ മൂന്നുചിത്രങ്ങളും ലോങ് ഡോക്യുമെന്റി വിഭാഗത്തിലെ ഒരു ചിത്രവും ഉള്‍പ്പെടെ നാലു ചിത്രങ്ങള്‍ മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.

ഒബഹൗസന്‍ പാക്കേജും ക്വേ ബ്രദേഴ്‌സ് 35 എം.എം ചിത്രങ്ങളുടെ പാക്കേജും നിറഞ്ഞ തിയേറ്ററിലാണ് പ്രദശര്‍ിപ്പിക്കപ്പെട്ടത്. റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അരിബാം ശ്യാം ശര്‍മ്മയുടെ യെല്‍ഹൗ ജഗോയ് എന്ന ചിത്രവും അവസാനദിനം പ്രദര്‍ശിപ്പിച്ചു.

ഹോമേജ് വിഭാഗത്തില്‍ പി.കെ. നായരുടെ ജീവിതകഥ പറഞ്ഞ സെല്ലുലോയ്ഡ്മാന്‍ ഇന്ത്യന്‍ സിനിമാചരിത്രത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയായി. വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള പ്രിന്റുകള്‍ കണ്ടെത്തി  ശേഖരിച്ച പി.കെ. നായര്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ കാവലാള്‍ കൂടിയായിരുന്നു.  നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍കൂടിയായ പരമേശ് കൃഷ്ണന്‍ നായര്‍ എന്ന പി.കെ. നായരുടെ ജീവിതം  പകര്‍ത്തിയത് പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ ശിവേന്ദ്രസിങ് ദുന്‍ഗാര്‍പുരാണ്.
ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തില്‍ വാങ് ബിങ്ങിന്റെ എലോണ്‍ എന്ന ചിത്രവും വൈല്‍ഡ് ലൈഫ് ഫോക്കസ് വിഭാഗത്തില്‍ ടൈഗേഴ്‌സ് റിവഞ്ച്, ഇന്ത്യാസ് വാണ്ടറിങ് ലയണ്‍സ് എന്നീ ചിത്രങ്ങളും അവസാനദിനം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. ഗുജറാത്തിലെ ഗീര്‍ വനത്തിലെ സിംഹങ്ങളുടെ വ്യത്യസ്ഥമായ ജീവിതകഥ വരച്ചുകാട്ടുന്നതാണ് വാണ്ടറിങ് ലയണ്‍സ്. വന്യജീവിത ഡോക്യുമെന്ററി നിര്‍മാണത്തെ സംബന്ധിച്ചു നടന്ന പാനല്‍ ചര്‍ച്ചയില്‍ ശേഖര്‍ ദത്താത്രി, സന്ദേശ് കടൂര്‍, സുരേഷ് ഇളമണ്‍ എന്നിവര്‍ പങ്കെടുത്തു.



No comments:

Post a Comment