ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ അവസാന ദിവസം (ജൂണ്‍ 14) മീറ്റ് ദ ഡിറക്‌ടേഴ്‌സില്‍ ഒന്‍പതു സംവിധായകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ടു.
സുനാമി ദുരന്തഭൂമിയാക്കിയ നിക്കോബാര്‍ ദ്വീപുകളിലെ ജനത പിന്നീട് തങ്ങള്‍ക്ക് അപരിചിതമായ ജീവിതചര്യകളും ആഹാരശൈലിയുമായി പൊരുത്തപ്പെടാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന റിച്ചയുടെ നിക്കോബാര്‍ എ ലോങ് വേ, ആഗോളതാപനം മരണത്തിലേക്ക് ആഴ്ത്തിക്കൊണ്ടിരിക്കുന്ന മണ്‍ട്രോതുരുത്ത് നിവാസികളെ ചിത്രീകരിച്ച ജലസമാധി എന്നിവ മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തനത്തിനിടെ മണ്‍ട്രോ തുരുത്തിന്റെ ദാരുണാവസ്ഥയെപ്പറ്റിയറിഞ്ഞ ധനസുമോദ് ഇത് സമൂഹശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു പ്രദേശത്തെ ജനതയുടെ പരമ്പരാഗത ജീവിതശൈലികള്‍ മുന്‍നിര്‍ത്തിവേണം വികസന അജണ്ടകള്‍ രൂപീകരിക്കേണ്ടതെന്ന അഭിപ്രായമാണ് റിച്ചയ്ക്കുള്ളത്.
ശിഥിലമാക്കപ്പെടുന്ന കുടുംബങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് പുഷ്പാ റാവത്ത് 'ദ ടേണ്‍' എന്ന തന്റെ ഡോക്യുമെന്ററിക്ക് പ്രമേയമാക്കിയത്. അപകടകരമായ ജീവിതശൈലികളിലേക്ക് എത്തപ്പെടുന്ന ഇവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ അമിതമായി ആഗ്രഹിക്കുന്നുണ്ടെന്ന് ചിത്രീകരണത്തിനിടെ മനസിലായതായി പുഷ്പ പറയുന്നു.
പതിമൂന്ന് മിനുട്ടില്‍ കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ലിസണര്‍. തന്റെതന്നെ അനുഭവങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വരുണ്‍ ഡുഡേജ ലിസണര്‍ തയ്യാറാക്കിയത്. സമയവും പരിഗണനയുമാണ് സഹജീവികള്‍ക്കു നല്‍കാവുന്നതില്‍ ഏറ്റവും വിലപ്പെട്ടതെന്ന് ചിത്രം വ്യക്തമാക്കുന്നു. ദ മാന്‍ ഹു ഡ്വാര്‍ഫ്ഡ്് ദ മൗണ്ടന്‍സ്, ചിപ്‌കോ മൂവ്‌മെന്റിന് മുന്നില്‍ പ്രവര്‍ത്തിച്ച ചാന്ദി പ്രസാദ് ഭട്ടിന്റെ ജീവിതമാണ്. ആരാലും അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹത്തെ ചിത്രീകരിക്കാനുള്ള അനുവാദം രുചി ശ്രീവാസ്തവയും സുമിത് ഖന്നയും നേടിയെടുത്തത് ഏറെ ശ്രമപ്പെട്ടാണ്.
ധനസുമോദ് (ജലസമാധി), ക്രിസ്‌റ്റോ ടോമി (കാമുകി), പ്രദീപ് ഭട്ടാചാര്യ (ദ വേവ്‌സ്), ശുഭദീപ്ത ബിശ്വാസ്, അരിജിത് മിശ്ര (ദ സോങ് ഓഫ് മാര്‍ഗരറ്റ്‌സ് ഹോപ്), വരുണ്‍ ഡുഡേജ (ലിസണര്‍), പുഷ്പാ റാവത്ത് (ദ ടേണ്‍), വേദിക കൃതി (ഡോണേഴ്‌സ് ലൈഫ്), രുചി ശ്രീവാസ്തവ, സുമിത് ഖന്ന (ദ മാന്‍ ഹു ഡ്വാര്‍ഫ്ഡ് ദ മൗണ്ടന്‍സ്), റിച്ച ഹാഷിം (നിക്കോബാര്‍ എ ലോങ് വേ), സിദ്ധാര്‍ത്ഥ ചൗഹാന്‍ (പാപ) എന്നിവരാണ് മീറ്റ് ദ ഡിറക്‌ടേഴ്‌സില്‍ പങ്കെടുത്തത്.
No comments:
Post a Comment