മാനംമുട്ടെ ഉയരമുള്ള മരപ്പൊത്തിൽ മുട്ടയിട്ട് അടയിരിക്കുന്ന പെൺപക്ഷി. മൂത്തുപഴുത്ത ആലിൻപഴങ്ങളുമായി കാവലിരിക്കുന്ന ആൺപക്ഷി. കാത്തിരിപ്പിനൊടുവിൽ മരപ്പൊത്തിൽ നിന്നും കുഞ്ഞുപക്ഷിയുടെ കൊക്കുകൾ പുറത്തേക്ക്. ആദ്യചിറകടികൾ തൊട്ടടുത്തുള്ള മരച്ചില്ലയിൽ ചിറകൊതുക്കുമ്പോൾ ബിജു പങ്കജിന്റെ ചിത്രം പൂർത്തിയാകുന്നു. മലമുഴക്കിയുടെ ജീവനസംഗീതം. ക്യാമറയുമായി ഒന്നരവർഷത്തോളം മുതുമലയിലും വാൽപ്പാറയിലും തേക്കടിയിലുമൊക്കെ സഞ്ചരിച്ചും കാത്തിരുന്നുമാണ് ചിത്രം തയ്യാറാക്കിയത്. ബിനു തോമസിന് ദേശീയ ശാസ്ത്ര ചലച്ചിത്രോത്സവത്തിൽ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം ലഭിച്ചു.
ആറ്റക്കുരുവിയെപ്പോലെയുള്ള മറ്റു പല പക്ഷികളിൽ നിന്നും വ്യത്യസ്തമായി കരുതലും സ്‌നേഹവുമായി കാത്തിരിക്കുന്ന ആൺപക്ഷിയാണ് വേഴാമ്പൽ കുടുംബത്തിന്റെ പ്രത്യേകത. മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തു വന്നാലും കുറച്ചു കാലം കൂടി തീറ്റയുമായെത്തുകയെന്ന ഉത്തരവാദിത്തവും ആൺപക്ഷിക്കുണ്ട്. മഞ്ഞും മഴയുമൊക്കെ അതിജീവിച്ച് ദൂരങ്ങളും ഉയരങ്ങളും താണ്ടി മുന്തിയ പഴങ്ങളുമായെത്തിയിരുന്ന ആൺപക്ഷിയോട് മാസങ്ങൾക്കുശേഷം കൂടിന് പുറത്തുവരുന്ന പെൺപക്ഷി കാട്ടുന്ന സ്‌നേഹമാക്കെ ക്യാമറയിലാക്കാൻ ബിനുവിന് കഴിഞ്ഞു.
വളരെയേറെ അധ്വാനിച്ചാണ് ചിത്രം പൂർത്തിയാക്കിയതെന്ന് മാതൃഭൂമി ചാനലിലെ മാധ്യമപ്രവർത്തകനായ ബിജു പങ്കജ് പറഞ്ഞു. മനുഷ്യന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ പിന്നീട് മണിക്കൂറുകളോളം പക്ഷി വരാതെയാകും. ഇത് കൂട്ടിനുള്ളിലെ കുഞ്ഞിന് അപകടമായതിനാൽ വളരെ കരുതലോടെയാണ് ഷൂട്ട് പൂർത്തിയാക്കിയതെന്ന് ക്യാമറാമാൻ ബിനു പറഞ്ഞു.
No comments:
Post a Comment