വയനാട്ടിലെ ഉൾക്കാടുകളിലുള്ള ഒരു വിജനഗ്രാമത്തിൽ ജീവിക്കുന്നവരുടെ പുനരധിവാസപ്രശ്‌നത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച അഴിവ് പ്രമേയാവതരണത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. പ്രശസ്ത ചിത്രകാരനായ കെ.പി. മുരളീധരന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. കേവലം പുനരധിവാസം എന്ന വിഷയത്തിൽ ചുരുക്കാതെ കുറിച്യാട് എന്ന ഉൾവന ഗ്രാമവും അതിന്റെ ചരിത്രവുമാണ് സിനിമ പറയുന്നത്.
വയനാടിന്റെ ഉൾവനമായ കുറിച്യാട് ഗ്രാമത്തിൽ കാട്ടുനായ്ക്കർ, വണിയർ, ചെട്ടികൾ എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽപ്പെട്ടവരാണ് ജീവിച്ചിരുന്നത്. വികസനത്തിന്റെ ഭാഗമായി സർക്കാർ ഇവരെ മാറ്റിപ്പാർപ്പിക്കുവാൻ പദ്ധതി അവതരിപ്പിച്ചപ്പോൾ കാട്ടുനായ്ക്കരൊഴികെ മറ്റ് രണ്ടു വിഭാഗവും അതിന് സമ്മതിച്ച് വനമിറങ്ങി. എന്നാൽ കാടിനോടും മണ്ണിനോടും മല്ലിട്ട് ജീവിതം വാർത്തെടുത്ത കാട്ടുനായ്ക്കർക്ക് മാത്രം അത് ഉൾക്കൊള്ളാനായില്ല. ഇന്നും അവർ അവിടെ പ്രകൃതിയോടും മൃഗങ്ങളോടും മല്ലിട്ട് ജീവിക്കുന്നു.
ആധുനിക ജീവിതവേഗത്തിനൊപ്പം ചേരാൻ സഹവാസികൾ ഒന്നൊന്നായി കുറിച്യാട് ഗ്രാമം വിട്ടൊഴിയുമ്പോൾ ഒറ്റപ്പെട്ട് പോകുന്ന കാട്ടുനായ്ക്കരുടെ ജീവിതമാണ് ഈ ചിത്രം രേഖപ്പെടുത്തുന്നത്. കുട്ടികളിലൂടെ കഥപറഞ്ഞ് പോകുന്ന രീതിയാണ് പ്രേക്ഷകർക്ക് ഈ സിനിമ ഇഷ്ടപ്പെടുത്തിയത് എന്ന് സംവിധായകൻ കെ.പി. മുരളീധരൻ പറയുന്നു. ചെലവ് ചുരുക്കി രണ്ടുദിവസം കൊണ്ടാണ് ചിത്രം നിർമ്മിച്ചത്.
No comments:
Post a Comment