വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളിലെ സംവാദങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു നാലാംദിനത്തിലെ മുഖാമുഖം . ഭൂമിശാസ്ത്രം മുതല്‍ സ്ത്രീ മനസ്സിന്റെ വൈകാരികത വരെ ആവിഷ്‌കരിച്ച ചിത്രങ്ങളുടെ സംവിധായകര്‍ ഒരേ വേദിയിലെത്തി.
ചരിത്രത്തില്‍ രേഖപ്പെടുത്താത്ത സ്ത്രീജീവിതങ്ങള്‍ക്കായി സ്വന്തം അമ്മയുടെ ജീവിതം തന്നെ കഥാതന്തുവാക്കിയ നീലന്‍ പ്രേംജിയുടെ അമ്മ എന്ന ചിത്രമായിരുന്നു ചര്‍ച്ചകളില്‍ ഏറെ ഇടംപിടിച്ചത്. പ്രശസ്തരുടെ ഭാര്യമാരെക്കുറിച്ച് സമൂഹം ഏറെ ചിന്തിക്കാറില്ലെന്നും അവര്‍ അനുഭവിച്ച ത്യാഗങ്ങളിലൂടെ കടന്നുപോവുകയാണ് തന്റെ സിനിമയെന്നും നീലന്‍ പറഞ്ഞു.
സ്വന്തം ജീവിതത്തിന്റെ ഒരദ്ധ്യായം തന്നെയാണ് തന്റെ സിനിമയെന്ന് ദ റോഡ് ലെസ് ട്രാവല്‍ഡിന്റെ സംവിധായകന്‍ മിഥുന്‍ചന്ദ്ര ചൗധരി പറഞ്ഞു. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് വിശ്വസിച്ച് സ്വന്തം ചട്ടക്കൂടിനുള്ളില്‍ ജീവിതം നയിക്കുന്ന മനുഷ്യന്റെ കഥ പങ്കുവെയ്ക്കുകയാണ് പോള്‍ സയന്‍സ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ മിഥുന്‍ പ്രാമാണിക്.
തമിഴ്‌നാട്ടിലെ അരിയല്ലൂരിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ വിവരിക്കുന്ന അണ്‍എര്‍തിങ് ട്രഷര്‍ ഓഫ് അരിയല്ലൂര്‍ എന്ന ചിത്രത്തിലൂടെ ശാസ്ത്രത്തിന്റെ നിഗൂഢതകളിലേക്ക് വിരല്‍ചൂണ്ടാനുള്ള ശ്രമമാണെന്ന് താന്‍ നടത്തിയതെന്ന് സംവിധായിക വൈഷ്ണവി സുന്ദര്‍ അഭിപ്രായപ്പെട്ടു.
No comments:
Post a Comment