9th IDSFFK BLOG

(Maintained by IDSFFK Media Cell)

Sunday, 12 June 2016

ആഴമേറിയ ജീവിതക്കാഴ്ചകളുമായി ഹ്രസ്വചിത്രങ്ങൾ


ഒൻപതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ ശ്രദ്ധിക്കപ്പെട്ട എട്ട് ചിത്രങ്ങളുടെ സംവിധായകരാണ് മൂന്നാംദിവസത്തെ പ്രസ് മീറ്റിൽ ചലച്ചിത്രാനുഭവങ്ങൾ പങ്കുവെച്ചത്. ലളിതമായ ആശയങ്ങളിലൂടെ ഗൗരവമേറിയതും പ്രസക്തവുമായ സന്ദേശങ്ങൾ നൽകുന്നവയാണ് ഇവരുടെ ചിത്രങ്ങൾ. ഡൈവിന്റെ സംവിധായിക അർച്ചന ചന്ദ്രശേഖർ, ഷെപ്പേഡ്‌സ് ഓഫ് ദ ഗ്ലേസിയേഴ്‌സിന്റെ സംവിധായകൻ സ്റ്റാൻസൈൻ ഡോർജെ, നെയിം പ്ലെയ്‌സ് അനിമൽ തിങിന്റെ സംവിധായകൻ നിതിൻ. ആർ, ഇംപാസിന്റെ സംവിധായിക മയൂരി വാൽകേ, ചിംസിന്റെ സംവിധായകൻ സുഭജിത് ദാസ് ഗുപ്ത, ഫെയ്മസ് ഇൻ അഹമ്മദാബാദിന്റെ സംവിധായകൻ ഹാർദിക് മെഹ്ത, ബർബിയ അർകേഡിയയുടെ സംവിധായകൻ ഹെൻറിക് ബ്ലോക്ക്, വെയർ ദ ബ്ലൂ ലോട്ടസ് ബ്ലൂംസിന്റെ സംവിധായകരായ ശ്രേയ കട്യായിനി, ആനന്ദ് ഗൗതം, സൗരബ് കുമാർ എന്നിവരാണ് പ്രസ് മീറ്റിൽ പങ്കെടുത്തത്.
ഡൈവ്, ഫെയ്മസ് ഇൻ അഹമ്മദാബാദ് എന്നീ ഡോക്യുമെന്ററികളും ചിംസ് എന്ന ഹ്രസ്വചിത്രവും കുട്ടികളുടെ നിഷ്‌കളങ്കതയെ പ്രമേയമാക്കി ആവിഷ്‌ക്കരിച്ചവയാണ്. സബർമതി നദിയിലെ എല്ലിസ് പാലത്തിനടിയിൽ ജീവിക്കുന്ന മന്ന, നദിയിൽനിന്ന് മുങ്ങിയെടുക്കുന്ന സാധനങ്ങൾ വിറ്റാണ് ജീവിക്കുന്നത്. വീട് നഷ്ടപ്പെട്ട അനാഥ ബാല്യങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ചിത്രത്തിലൂടെ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചതെന്ന് അർച്ചന പറഞ്ഞു.
അഹമ്മദാബാദിലെ പ്രശസ്തമായ പട്ടംപറത്തൽ ഉത്സവത്തിൽ പട്ടം പറത്താനുള്ള ഒരു കുട്ടിയുടെ പ്രയത്‌നമാണ് ഹാർദിക് ഫെയിമസ് ഇൻ അഹമ്മദാബാദിലൂടെ വിവരിക്കുന്നത്. ഹിന്ദുസമൂഹത്തിൽ പ്രായഭേദമന്യേ ആഘോഷിക്കുന്ന ഈ വിനോദം ഹാസ്യാത്മകമായിതന്നെ ഹാർദിക് ചിത്രീകരിച്ചു. രണ്ടര വർഷംകൊണ്ടാണ് ഡോക്യുമെന്ററി പൂർത്തിയാക്കിയതെന്ന് ഹാർദിക് പറയുന്നു. കലയോടുള്ള തന്റെ അഭിനിവേശംകൊണ്ട് മാതാപിതാക്കളുടെ സമ്മർദ്ദത്തിൽനിന്ന് രക്ഷപ്പെട്ടോടുന്ന കുട്ടിയാണ് ചിംസിലെ കഥാപാത്രം.
ലോകവിപണിയിൽ പ്രശസ്തമായ കാശ്മീരിലെ പശ്മീനി കമ്പിളി ഉണ്ടാക്കുന്നതിനു പിന്നിലെ പ്രയത്‌നം ലഡാകി സംവിധായകൻ സ്റ്റാൻസൈൻ ഡോർജെ പറഞ്ഞത് തന്റെ  സഹോദരിയുടെ ജീവിതത്തിലൂടെയാണ്. ഹിമാലയൻ മലനിരകളിൽ വന്യമൃഗങ്ങൾ വിഹരിക്കുന്ന ഇടങ്ങളിൽ കന്നുകാലികളെ മേയ്ക്കുന്ന അവളെപ്പോലുള്ളവരുടെ ധൈര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡോർജെ പറയുന്നു. വാണിജ്യ സിനിമകളെ ആഘോഷമാക്കുന്ന ഇന്ത്യയിൽ ഇത്തരം വിഷയങ്ങൾ കൂടി ജനശ്രദ്ധ നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
യാദൃച്ഛികമായി തനിക്കുണ്ടായ അനുഭവമാണ് ഇംപാസ് എന്ന ചിത്രമെടുക്കാൻ മയൂരിക്ക് പ്രചോദനമായത്. കർണ്ണാടകയിലെ ഒരു ഗോത്രവിഭാഗത്തിന്റെ വിചിത്രമായ ആചാരങ്ങളാണ് നിതിനെ നെയിം പ്ലെയ്‌സ് അനിമൽ തിങ് എന്ന ചിത്രത്തിലേക്കെത്തിച്ചത്. ശക്തമായ സംഭാഷണങ്ങളും നിറങ്ങളുമുള്ള ചിത്രങ്ങളെടുക്കണമെന്നാണ് ബർബിയ അർകേഡിയയുടെ സംവിധായകൻ ഹെൻറിക് ബ്ലോക്കിന്റെ ആഗ്രഹം. ടിസ്സിലെ അഞ്ച് വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ വെയർ ദ ബ്ലൂ ലോട്ടസ് ബ്ലൂംസ് ഭിന്നലിംഗക്കാരുടെ അതിജീവനമാണ് പ്രമേയമാക്കിയത്. പരിശ്രമങ്ങൾക്കൊടുവിൽ തങ്ങളുടേതായ ഇടം കണ്ടെത്തുന്നതിൽ വിജയിച്ച ചിലരിലൂടെ ചിത്രം കടന്നുപോകുന്നു.

No comments:

Post a Comment