മികവുറ്റ ഒരുകൂട്ടം ചിത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഒന്‍പതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ നാലാംദിനം. 19 ചിത്രങ്ങളാണ് നാലാംദിനം കാണികള്‍ക്കു മുന്നിലെത്തിയത്. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ അമല്‍ രാമചന്ദ്രന്റെ ജഹ്നാര, ജിഷ്ണു ശ്രീകണ്ഠന്റെ ദര്‍ബേ ഗുജേ ക്രിസ്റ്റോ ടോമിയുടെ കാമുകി എന്നീ മലയാളചിത്രങ്ങള്‍ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ഗ്രാമത്തിലെ ഫോസില്‍ പര്യവേഷണത്തിന്റെ പശ്ചാത്തലത്തില്‍ വൈഷ്ണവി സുന്ദറിന്റെ അണ്‍എര്‍തിങ് ദ ട്രഷര്‍ ഓഫ് അരിയല്ലൂര്‍ ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
നീഹാരിക പോപ്‌ലിയുടെ റാസല്‍ പിയ, രുചി ശ്രീവാസ്തവയുടെ ദ മാന്‍ ഹു ഡ്വാര്‍ഫ്ഡ് ദ മൗണ്ടന്‍സ്, എന്നീ ചിത്രങ്ങളാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. അനിമേഷന്‍ മായാജാലം കാട്ടിത്തന്ന സ്‌നിഗ്ദ്ധ ബാനര്‍ജിയുടെ നപ്ഷ്യല്‍ മെമ്മറീസ്, അഞ്ജലി നായരുടെ ഫിഷി-റു, അഭിജിത് കൃഷ്ണന്റെ യൂഫോറിയ എന്നീ ചിത്രങ്ങളും നാലാംദിനം പ്രദര്‍ശിപ്പിച്ചു.
ഡോക്യുമെന്ററി സിനിമാ മേഖലയിലെ മാറ്റങ്ങളെക്കുറിച്ചും ചിത്രീകരണങ്ങളിലെ പുത്തന്‍ ശൈലിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതായിരുന്നു നാലാംദിനം നടന്ന മീറ്റ് ദ പ്രസ്. കഴിഞ്ഞദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകരായ നിഖില്‍ വിര്‍ധി, നിത്യാ സൂദ്, ജലാലുദ്ദീന്‍ ബാബ, സൗരബ് കാന്തിദത്ത, രഞ്ജിത് കാഴൂര്‍, കരീം മേപ്പാടി എന്നിവരാണ് നാലാംദിനം നടന്ന മാധ്യമസംവാദത്തില്‍ പങ്കെടുത്തത്.
ജീവിതത്തില്‍നിന്നും നേരിട്ടും അല്ലാതെയും കടന്നുപോയ ജീവിതസാഹചര്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ദൃശ്യാവിഷ്‌കാരമായിരുന്നു ഓരോ ചിത്രങ്ങളുമെന്ന് മുഖാമുഖം പരിപാടിയില്‍ സംവിധായകര്‍ പറഞ്ഞു. കഴിഞ്ഞദിവസം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകരായ മിഥുന്‍ചന്ദ്ര ചൗധരി, മിഥില ഹെഗ്‌ദേ, നീഹാരിക പോപ്‌ലി, വൈഷ്ണവി സുന്ദര്‍, ജിഷ്ണു ശ്രീകണ്ഠന്‍, നീലന്‍ പ്രേംജി, മിഥുന്‍ പ്രമാണിക്, പായല്‍ സേതി, രാജേഷ് ജയിംസ്, സ്‌നിഗ്ദ്ധ ബാനര്‍ജി, സൗരബ് സച്‌ദേവ് എന്നിവരാണ് തങ്ങളുടെ ചലച്ചിത്രാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.
നാലാംദിനം വൈകുന്നേരം കൈരളി തിയേറ്ററിനു മുന്‍വശം പി.കെ. നായര്‍ പവലിയനില്‍ ഷബീര്‍ അലി ഗസല്‍ അവതരിപ്പിച്ചു.
No comments:
Post a Comment