ഒൻപതാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി സിനിമയെക്കുറിച്ചുള്ള ആധികാരികമായ ചർച്ചകൾക്ക് വേദിയായി. പ്രമുഖ സംവിധായകർ മുതൽ പുതുമുഖ സംവിധായകർ വരെ ചർച്ചയിൽ സജീവമായി പങ്കെടുത്തു.
ചലച്ചിത്രമേളകൾ ഇന്ത്യയുടെ യാഥാർത്ഥ്യത്തെ കണ്ടെത്താൻ അവസരം നൽകുകയാണെന്ന് ദ ചേയ്ഞ്ച് എന്ന ചിത്രത്തിന്റെ സംവിധായകൻ കെ.പി. മുരളീധരൻ അഭിപ്രായപ്പെട്ടപ്പോൾ ഒരു സിനിമയുടെ തിരക്കഥയാണ് അതിനെ എല്ലാ അർത്ഥത്തിലും മഹത്വവത്കരിക്കുന്നതെന്ന് ദ ലാസ്റ്റ് റൈഡിന്റെ സംവിധായകൻ ദിവ്യജ്യോത് സിംഗ് പറഞ്ഞു. ഹ്രസ്വചലച്ചിത്രങ്ങളുടെ വിപണനവും നിർമ്മാണവുമായിരുന്നു ചർച്ചയിൽ പങ്കെടുത്ത പ്രേക്ഷകരുടെ ചോദ്യങ്ങളിൽ ഏറെയും. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ചിത്രങ്ങൾ നിർമ്മിക്കുന്നവർക്ക് ഇതെല്ലാം സാധ്യമാകുമെന്ന് സംവിധായകർ മറുപടി പറഞ്ഞു. കൽക്കരിപ്പാടത്തിലെ തൊഴിലാളികളുടെ ദുരന്തജീവിതം ക്യാമറയിൽ പകർത്തിയ ഫയർഫളൈസ് ഇൻ ദ ആബിസ് എന്ന തന്റെ ചിത്രം ആറ് മാസത്തോളം കൽക്കരിപ്പാടത്തിനു സമീപം താമസിച്ച് നിർമ്മിച്ചതാണെന്നും ചിത്രത്തിനെ വിപണനം ചെയ്യാൻ ഈ പ്രത്യേകതയാണ് സഹായിക്കുന്നതെന്നും ചിത്രത്തിന്റെ സംവിധായകൻ ചന്ദ്രശേഖർ റെഡ്ഢി അഭിപ്രായപ്പെട്ടു.
മനുഷ്യജീവിതത്തിന്റെ ഭിന്നമുഖങ്ങളെ പകർത്താൻ ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമാണ് സാധിക്കുന്നതെന്ന അഭിപ്രായമാണ് ചർച്ചയിൽ പങ്കെടുത്തവർ മുന്നോട്ടു വച്ചത്. പ്രമുഖ സിനിമാ നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ മേഡറേറ്റ് ചെയ്ത മുഖാമുഖം പരിപാടിയിൽ സംവിധായകരായ ദിവ്യജ്യോത് സിംഗ്, വിപിൻ. പി.എസ്, ചന്ദ്രശേഖർ റെഡ്ഢി, വരുൺ ടൺഠൻ, ശ്രുതിസ്മൃതി, സുമിത് ഗുപ്ത, സന്തോഷ് ചന്ദ്രശേഖർ, അമൻ സൽമാൻ, ആദർശ് രാജു, കെ.പി. മുരളീധരൻ എന്നിവർ പങ്കെടുത്തു.
No comments:
Post a Comment