ഒൻപതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ നാലാംദിവസം (ജൂൺ 13) മത്സരവിഭാഗത്തിൽ 19 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ അമൽ രാമചന്ദ്രന്റെ ജഹ്നാര, ജിമ്‌ലി റോയിയുടെ ബൈ ദ വേ, ദേവാഷിഷ് മഖിജയുടെ താണ്ഡവ്, മിഥുൻചന്ദ്ര ചൗധരിയുടെ ദ റോഡ് ലെസ് ട്രാവൽഡ്, പായൽ സേതിയുടെ ലീച്ചസ്, ജിഷ്ണു ശ്രീകാന്തന്റെ ദർബേഗുജേ, യുങ് ഹ്യുങ് കിമിന്റെ ഡാഡി ഗ്രാൻഡ്പാ ആൻഡ് മൈ ലേഡി, ലുബ്‌ന ഷർമിന്റെ ദ ബല്ലാർഡ് ഓഫ് ലൈല-ലീല, ക്രിസ്റ്റോ ടോമിയുടെ കാമുകി, അമിത് നർവാഡേയുടെ കളങ്ക്, പ്രദീപ്ത ഭട്ടാചാര്യയുടെ ദ വേവ്‌സ് എന്നിവ പ്രദർശിപ്പിക്കും.
ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ വൈഷ്ണവി സുന്ദറിന്റെ അൺഎർതിങ് ദ ട്രഷർ ഓഫ് അരിയല്ലൂർ, ബിജു ടോപോയുടെ ദ ഹണ്ട്, ശുഭദീപ്ത ബിശ്വാസിന്റെ ദ സോങ് ഓഫ് മാർഗരറ്റ്‌സ് ഹോപ് എന്നിവയും ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ നീഹാരിക പോപ്‌ലിയുടെ റാസൻ പിയ, രുചി ശ്രീവാസ്തവയുടെ ദ മാൻ ഹു ഡ്വാർഫ്ഡ് ദ മൗണ്ടൻസ് എന്നിവയും പ്രദർശിപ്പിക്കും. അനിമേഷൻ വിഭാഗത്തിൽ സ്‌നിഗ്ദ്ധ ബാനർജിയുടെ നപ്ഷ്യൽ മെമ്മറീസ്, അഞ്ജലി നായരുടെ ഫിഷി-റു, അഭിജിത് കൃഷ്ണന്റെ യൂഫോറിയ എന്നിവയും പ്രദർശനത്തിനുണ്ട്.
മത്സരവിഭാഗത്തിനു പുറമേ ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ സഞ്ജയ് കാക്കിന്റെ എ ഹൗസ് ആൻഡ് എ ഹോം, ദിസ് ലാൻഡ് മൈ ലാൻഡ് ഇങ്ക്-ലാൻഡ് എന്നിവയും അന്തർദേശീയ വിഭാഗത്തിൽ മാത്യു ഹെയ്ൻമാൻ സംവിധാനം ചെയ്ത് മെക്‌സിക്കൻ ചിത്രം കാർട്ടൽ ലാൻഡ് എന്നിവയും പ്രദർശിപ്പിക്കും. മെക്‌സിക്കോ-അമേരിക്കൻ അതിർത്തിയിലെ മയക്കുമരുന്ന് യുദ്ധങ്ങളെക്കുറിച്ചുള്ള കഥയാണ് കാർട്ടൽ ലാന്റിലൂടെ മാത്യു ഹെയ്ൻമാൻ പറയുന്നത്.
റിട്രോസ്‌പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന പ്രശസ്ത സംവിധായകൻ അരിബാം ശ്യാം ശർമ്മയുടെ ചിത്രങ്ങളായ മെയ്‌തെ പുങ്, കോറോ കോസി, മണിപ്പൂരി പോണി എന്നിവയാണ് ഇന്നത്തെ (ജൂൺ 13) മേളയുടെ പ്രധാന ആകർഷണം. മണിപ്പൂരിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ രേഖപ്പെടുത്തലാണ് അരിബാം ശ്യാം ശർമ്മയുടെ ചിത്രങ്ങൾ.
മണിപ്പൂരി സംസ്‌കാരത്തിന്റെ ഭാഗമായ മെയ്‌തെ പുങ് എന്ന ചെണ്ട മണിപ്പൂരികളുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള അന്വേഷണമാണ് മെയ്‌തെ പുങ് എന്ന ചിത്രം. മണിപ്പൂരിന്റെ വടക്കുകിഴക്കൻ കുന്നുകളിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന നാഗന്മാരുടെ മുളവാതിലുകൾ തകർക്കുന്ന ചടങ്ങിനെക്കുറിച്ചുള്ള ചിത്രമാണ് കോറോ കോസി. മണിപ്പൂരി സംസ്‌കാരത്തിന്റെ ഭാഗമായ സാഗോൾ കാഞ്ചൈ എന്ന കളിയെക്കുറിച്ചുള്ള രേഖപ്പെടുത്തലാണ് മണിപ്പൂരി പോണി എന്ന ചിത്രം.
No comments:
Post a Comment