9th IDSFFK BLOG

(Maintained by IDSFFK Media Cell)

Tuesday, 14 June 2016

ഡോക്യുമെന്ററികള്‍ ക്ഷമ പരീക്ഷിക്കുന്നതാകരുത് : ശേഖര്‍ ദത്താത്രി


ഡോക്യുമെന്ററികള്‍ പ്രേക്ഷകന്റെ  ക്ഷമയെ പരീക്ഷിക്കുന്നതാകരുതെന്ന് പ്രമുഖ സംവിധായകന്‍ ശേഖര്‍ ദത്താത്രി. അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി നിള തീയേറ്ററില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രംഗമാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയും പ്രകൃതിസിനിമാ നിര്‍മ്മാണവും. വരുമാനം പ്രതീക്ഷിച്ച് ഈ രംഗത്തേക്ക് കടന്നുവരാന്‍ കഴിയില്ല. വളരെ ശ്രമകരവും ക്ഷമ വേണ്ടതുമായ ഈ രംഗം ഒരു ജോലിയായി സ്വീകരിക്കുന്നവര്‍ പ്രകൃതിപഠനത്തില്‍ താല്പര്യം നിറഞ്ഞവരാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയെ മനസ്സിലാക്കുകയും അതിന്റെ നിയമവും ചലനവും അറിയാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മികച്ച വന്യജീവിസിനിമാ സംവിധായകനാകാന്‍ കഴിയൂ എന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകന്‍ സന്ദേശ് കടൂര്‍ പറഞ്ഞു. ഈ രംഗത്ത് നിലനില്‍ക്കാന്‍ വളരെയേറെ ഗവേഷണം ആവശ്യമാണെന്നും ജോലിക്ക് വേണ്ടിവരുന്ന ഉപകരണങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരുംതലമുറയ്ക്കായി പ്രകൃതിപഠനത്തിന്റെ കാഴ്ചകളും പ്രാധാന്യവും മനസ്സിലാക്കികൊടുക്കുവാനാണ് തന്റെ ശ്രമമെന്ന് ചര്‍ച്ചയില്‍  സംവിധായകന്‍ സുരേഷ് ഇളമണ്‍ പറഞ്ഞു. ജൈവസമ്പത്ത് സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. അതിലേക്ക് വെളിച്ചം വീശുന്നതാകണം ഇത്തരത്തിലുള്ള സിനിമകള്‍. വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ധാര്‍മ്മികത ഈ രംഗത്ത് പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

No comments:

Post a Comment