9th IDSFFK BLOG

(Maintained by IDSFFK Media Cell)

Monday, 13 June 2016

മേളയുടെ അവസാനദിനം (ജൂണ്‍ 14) മത്സരവിഭാഗത്തില്‍ നാല് ചിത്രങ്ങള്‍


ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ അവസാനദിനത്തില്‍ (ജൂണ്‍ 14) നാല് ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ സിദ്ധാര്‍ത്ഥ് ചൗഹാന്റെ പാപ, തരുണ്‍ ഡുഡേജയുടെ ലിസണര്‍, വേദിക കൃതിയുടെ ഡൊണേറ്റഡ് ലൈഫ് എന്നിവയും പുഷ്പ റാവട്ടിന്റെ ദ ടേണ്‍ എന്ന ലോങ് ഡോക്യുമെന്ററിയുമാണ് പ്രദര്‍ശനത്തിനുള്ളത്.
മത്സരവിഭാഗത്തിനു പുറമേ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ ഇന്നത്തെ (ജൂണ്‍ 14) പ്രധാന ആകര്‍ഷണം ഒബഹൗസന്‍ പാക്കേജും ക്വേ ബ്രദേഴ്‌സിന്റെ 35 എം.എം എന്ന ഹ്രസ്വചിത്രങ്ങളുടെ പാക്കേജുമാണ്. റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രശസ്ത സംവിധായകന്‍ അരിബാം ശ്യാം ശര്‍മ്മയുടെ  യെല്‍ഹൗ ജെഗോയ് എന്ന ചിത്രവും ഇന്ന് പ്രദര്‍ശനത്തിനുണ്ട്.                                                        
ലോകത്തിലെ ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒബഹൗസന്‍ മേളയില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളാണ് ഒബഹൗസന്‍ പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്നത്. സാന ഇനാരി സംവിധാനം ചെയ്ത ചിമ്പാന്‍സി, സൂസന്‍ സ്റ്റെന്‍മയുടെ ആന്‍ ടണ്‍ കോന്‍, ഡേവിഡ് ജന്‍സണ്‍ സംവിധാനം ചെയ്ത ദാവീദ്, അലക്‌സ് ജെര്‍ബല്‍ട്ടിന്റെ ഷിഫ്റ്റ്, ഈവ കൊന്നെമാന്റെ ദ ഒഫന്‍ബെയര്‍ ജെഹിമ്‌നിസ് എന്നിവയാണ് ഒബഹൗസന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഡിജിറ്റല്‍ പ്രകൃതിദൃശ്യങ്ങളെയും ചലനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഹ്രസ്വചിത്രമാണ് ചിമ്പാന്‍സി. ഒരു പരീക്ഷണാത്മക ചിത്രമാണ് ആന്‍ ടണ്‍ കോന്‍. ദാവീദ് എന്ന ചിത്രം പിതാവിന്റെ ബലാത്കാരത്തില്‍നിന്നും രക്ഷപ്പെട്ട് വിദൂരമായൊരു സ്ഥലത്ത് ചെന്നായ്ക്കളുടെ ഇടയില്‍ കഴിയുന്ന കുട്ടിയുടെ കഥ പറയുന്നു. ഷിഫ്റ്റ് ഒരു കുടുംബത്തിന്റെ ഛായാചിത്രമാണ്. കഥാപാത്രം ഇല്ലാതെ ഒരു സ്ഥലത്തെക്കുറിച്ച് പറയുന്ന ചിത്രമാണ് ദ ഒഫന്‍ബെയര്‍ ജെഹൈമ്‌നിസ്.
ക്വേ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന സ്റ്റീഫന്‍ ക്വേയും ടിമോത്തി ക്വേയും എണ്‍പതുകള്‍ക്കുശേഷം  അനിമേഷന്‍ ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന സാന്നിദ്ധ്യമാണ്. ക്വേ ബ്രദേഴ്‌സ് 35 എം.എം എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പാക്കേജില്‍ ഇവരുടെ അഞ്ച് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങളാണ് ഇവ.  
അനമോര്‍ഫിസ്, ഇന്‍ ആബ്‌സെന്‍ഷ്യ, റിഹേഴ്‌സല്‍സ് ഫോര്‍ എക്സ്റ്റിന്റ് അനാട്ടമീസ്, സ്ട്രീറ്റ് ഓഫ് ക്രൊക്കഡൈല്‍സ്, ദ കോംബ് എന്നിങ്ങനെ 1986 നും 2000നും ഇടയ്ക്ക് നിര്‍മ്മിച്ച ചിത്രങ്ങളാണ് അവ. 14 മുതല്‍ 20 മിനിറ്റ് വരെയാണ് ദൈര്‍ഘ്യം. കൂടാതെ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ക്വേ ബ്രദേഴ്‌സിന്റെ അനിമേഷന്‍ സ്റ്റുഡിയോ പ്രമേയമാക്കിയ ക്വേ എന്ന എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രവും ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കും.
മണിപ്പൂര്‍ താഴ്‌വരയിലെ ജനങ്ങള്‍ ആഘോഷിക്കുന്ന പ്രപഞ്ചം എന്ന സങ്കല്പത്തിലൂന്നിയ വാര്‍ഷിക ആചാരത്തെക്കുറിച്ചുള്ള അന്വേഷണമാണ് റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന അരിബാം ശ്യാം ശര്‍മ്മയുടെ യെല്‍ഹൗ ജഗോയ് എന്ന ചിത്രം.


No comments:

Post a Comment