9th IDSFFK BLOG

(Maintained by IDSFFK Media Cell)

Friday, 10 June 2016

മതതീവ്രവാദത്തിനും അനീതിക്കുമെതിരെ ക്യാമറ തിരിയണം : മുഖ്യമന്ത്രി


മതതീവ്രവാദത്തിനും അനീതിക്കുമെതിരെ ക്യാമറ തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒൻപതാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപിതതാൽപര്യക്കാർ മറച്ചുവെക്കുന്നത് ഉച്ചത്തിൽ വിളിച്ചുപറയുന്നതാവണം ഡോക്യുമെന്ററികൾ. ആനന്ദ് പട്‌വർധന്റെയും മൈക്കൽ മൂറിന്റെയും ഡോക്യുമെന്ററികൾ സമൂഹത്തിൽ സൃഷ്ടിച്ച ചലനങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിർമാല്യം എന്ന സിനിമ ഇപ്പോഴാണ് തീയേറ്ററുകളിലെത്തുന്നതെങ്കിൽ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് ചിന്തിച്ചാൽ കേരളത്തിന്റെ മതേതരമനസ്സ് എങ്ങനെ മാറിയെന്ന് അറിയാം. സാങ്കേതിവിദ്യയുടെ മുന്നേറ്റത്തോടെ ആർക്കും കൈകാര്യം ചെയ്യാവുന്ന നിലയിലേക്ക് ക്യാമറകൾ മാറി. എന്നാൽ ഇതിലൂടെ ഉണ്ടാകുന്ന ഉത്പന്നങ്ങൾ അവയുടെ ആശയത്തിന്റെയും സാങ്കേതികത്തികവിന്റെയും കാര്യത്തിൽ കനപ്പെട്ടവ തന്നെയാവണം. ഡോക്യുമെന്ററി ഹ്രസ്വചിത്ര നിർമാണരംഗത്ത് പെൺകുട്ടികളുടെ വലിയ സാന്നിധ്യമുണ്ട്. ഗൗരവമുള്ളതാണ് അവരുടെ ചലച്ചിത്രഭാഷ. ചലച്ചിത്രമേഖലയിലെ ഇന്നത്തെ സ്ത്രീസാന്നിധ്യം പോര. ഡോക്യുമെന്ററി മേഖലയിൽ നിന്നും അവരുടെ വളർച്ച സിനിമയിലുമെത്തണം. പ്രമേയങ്ങളിലെ സ്ത്രീവിരുദ്ധതയ്ക്ക് പരിഹാരം കാണുന്നതിൽ അവരുടെ കൂടി പങ്കുണ്ടാകണം.
സാമൂഹിക ഇടപെടലുകളിൽ ഡോക്യുമെന്ററികളുടെ സ്വാധീനം നിർണായകമായി മാറുകയാണ്. പരിസ്ഥിതിസംബന്ധമായ പ്രശ്‌നങ്ങളും അവയെപ്പറ്റിയുള്ള കാപട്യങ്ങളും തുറന്നുകാട്ടാൻ അർപ്പണബോധത്തോടെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കഴിയണം. ക്യാമറ ഒരു പ്രക്ഷോഭ ഉപകരണം കൂടിയാണ്. ക്യാമറ പകർത്തിയ കാഴ്ചകൾ കണ്ട് വൈകാരിക തീവ്രതയോടെ പ്രക്ഷോഭത്തിനിറങ്ങിയ എത്രയോ ആളുകളുണ്ട്. പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഊർജമാണ് ക്യാമറയുടെ കാഴ്ചകളെ പോരാട്ടത്തിനുള്ള ഉപകരണമാക്കി മാറ്റുന്നത്. സാംസ്‌കാരികമായി ഔന്നത്യത്തിലുള്ള കേരളത്തിന് ചലച്ചിത്രരംഗത്തും ഉന്നതസ്ഥാനമാണുള്ളത്. ഡോക്യുമെന്ററി മേഖലയിലും കേരളത്തിന്റത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫിലിം ഫെസ്റ്റിവലിനുള്ള സ്ഥിരം പ്രദർശനസംവിധാനം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ പറഞ്ഞു. ഫെസ്റ്റിവൽ ബുക്ക് ചടങ്ങിൽ സാംസ്‌കാരിമന്ത്രി പ്രമുഖ ചലച്ചിത്രതാരം തനിഷ്തചാറ്റർജിക്കു നൽകി പ്രകാശനം ചെയ്തു. ഡെയ്‌ലി ബുള്ളറ്റിൽ മേയർ വി.കെ. പ്രശാന്ത് പ്രകാശനം ചെയ്തു. വി.എസ്.ശിവകുമാർ എം.എൽ.എ, കൗൺസിലർ അഡ്വ.ജയലക്ഷ്മി, സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ ടി.രാജീവ്‌നാഥ്, സെക്രട്ടറി സി.ആർ.രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment