9th IDSFFK BLOG

(Maintained by IDSFFK Media Cell)

Sunday 12 June 2016

ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായ മൂന്നാംദിനം: അനുഭവങ്ങൾ പങ്കിട്ട് സംവിധായകർ


ഒൻപതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മൂന്നാംദിവസം എല്ലാ ചിത്രങ്ങളും പ്രദർശിപ്പിച്ചത് നിറഞ്ഞ സദസ്സിൽ. മൂന്നാംദിനം മത്സരവിഭാഗത്തിൽ 20 ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ സൗരബ് സച്‌ദേവയുടെ ഗുൽ ഉൾപ്പെടെ ആറ് ചിത്രങ്ങളും ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ ബർണാലി റായ് ശുക്ലയുടെ ലിക്വിഡ് ബോർഡേഴ്‌സ് ഉൾപ്പെടെ ഏഴ് ചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചത്. ഡി. ധനസുമോദിന്റെ ജലസമാധിയും നീലൻ പ്രേംജിയുടെ അമ്മയുമാണ് ഇക്കൂട്ടത്തിൽ പ്രദർശിപ്പിച്ച മലയാളചിത്രങ്ങൾ. മികച്ച പ്രതികരണമാണ് രണ്ടുചിത്രങ്ങളും നേടിയത്. ആഗോളതാപനഫലമായി ഭാവിയിൽ മൺറോതുരുത്ത് എന്ന ഭൂപ്രദേശം തന്നെ ഇല്ലാതാകുമെന്ന ആശങ്ക പങ്കുവെക്കുകയാണ് ധനസുമോദ് ജലസമാധിയിലൂടെ. മുൻമന്ത്രി എം.എ.ബേബിയാണ് ചിത്രത്തിന്റെ വിവരണം നൽകിയിരിക്കുന്നതെന്നതും ശ്രദ്ധേയമായിരുന്നു. നമ്പൂതിരി സമുദായത്തിൽ നിന്നും വിധവാവിവാഹത്തിലൂടെ വിപ്ലവം സൃഷ്ടിച്ച പ്രേംജിയുടെ ഭാര്യ ആര്യപ്രേംജിയെക്കുറിച്ച് മകൻ നീലൻ തയ്യാറാക്കിയതാണ് അമ്മ. ചരിത്രത്തിൽ തന്റെ ഇടം അടയാളപ്പെടുത്തിയ ആര്യ താൻ കടന്നുവന്ന സാമൂഹിക രാഷ്ട്രീയ ഭൂതകാലം ഓർത്തെടുക്കുന്നതാണ് ദേശീയ പുരസ്‌കാരം നേടിയ അമ്മ എന്ന ചിത്രം.
ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ ഫറാ ഘാട്ടുനിന്റെ ഐ ആം ബോണി ഉൾപ്പെടെ മൂന്നു ചിത്രങ്ങൾ, മ്യൂസിക് വീഡിയോ വിഭാഗത്തിൽ ഫൈസൽ റഹ്മാന്റെ ടൈപ്പ്‌റൈറ്റർ, അനിമേഷൻ വിഭാഗത്തിൽ സുധീർ യൂസഫിന്റെ പ്ലേമേറ്റ്, അരുൺ ശ്രീപാദത്തിന്റെ ദ ബോക്‌സ്, സന്മാർഗം സൂര്യമൂർത്തിയുടെ ട്രാപ്ഡ് എന്നീ ചിത്രങ്ങളും മൂന്നാംദിനം പ്രേക്ഷകർക്ക് മുന്നിലെത്തി.
ഫോക്കസ് വിഭാഗം ലോങ് ഡോക്യുമെന്ററിയിൽ കരിന്തലക്കൂട്ടം മ്യൂസിക് ബാൻഡിന്റെ കഥ പറഞ്ഞ 18 ഫീറ്റ് കൈയടികളോടെയാണ് പ്രേക്ഷകർ വരവേറ്റത്. 14 മണിക്കൂർ ദൈർഘ്യമുള്ള വാങ് ബിങ്ങ് ചിത്രം ക്രൂഡ് ഓയിൽ വീഡിയോ ഇൻസ്റ്റലേഷനായി കൈരളിയിൽ  പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിൽ പ്രദർശനം ആരംഭിച്ചു. മേളയുടെ അവസാനദിനം വരെ  ചിത്രം ഇടതടവില്ലാതെ പ്രദർശനം നടത്തുമെന്നതാണ് വീഡിയോ ഇൻസ്റ്റലേഷന്റെ പ്രത്യേകത. മൂന്നാംദിനം നടന്ന മാധ്യമസംവാദത്തിൽ കഴിഞ്ഞദിവസങ്ങളിൽ പ്രദർശിപ്പിച്ച എട്ട് സിനിമകളുടെ സംവിധായകരാണ് ചർച്ചയ്‌ക്കെത്തിയത്. ഡൈവിന്റെ സംവിധായിക അർച്ചന ചന്ദ്രശേഖർ, ഷെപ്പേഡ്‌സ് ഓഫ് ദ ഗ്ലേസിയേഴ്‌സിന്റെ സംവിധായകൻ സ്റ്റാൻസൈൻ ഡോർജെ, നെയിം പ്ലെയ്‌സ് അനിമൽ തിങിന്റെ സംവിധായകൻ നിതിൻ. ആർ, ഇംപാസിന്റെ സംവിധായിക മയൂരി വാൽകേ, ചിംസിന്റെ സംവിധായകൻ സുഭജിത് ദാസ് ഗുപ്ത, ഫെയ്മസ് ഇൻ അഹമ്മദാബാദിന്റെ സംവിധായകൻ ഹാർദിക് മെഹ്ത, ബർബിയ അർകേഡിയയുടെ സംവിധായകൻ ഹെൻറിക് ബ്ലോക്ക്, വെയർ ദ ബ്ലൂ ലോട്ടസ് ബ്ലൂംസിന്റെ സംവിധായകരായ ശ്രേയ കട്യായിനി, ആനന്ദ് ഗൗതം, സൗരബ് കുമാർ എന്നിവരാണ് പങ്കെടുത്തത്. സിനിമാ മേഖലയെക്കുറിച്ച് ഗൗരവപൂർണ്ണമായ ആശയങ്ങളാണ് ഓരോ സംവിധായകരും കാഴ്ചവച്ചത്.
ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ച വിവേക് കജാരിയയുടെ ദുർഗ പ്രേക്ഷകരുടെ കണ്ണു നനയിക്കും വിധം മനോഹരമായിരുന്നു. ദുർഗാശിൽപങ്ങൾ ഒരുക്കുന്ന അപ്പൂപ്പനും അന്ധയായ ചെറുമകളുമായിരുന്നു കഥാപാത്രങ്ങൾ.
മുഖാമുഖം പരിപാടിയിൽ സംവിധായകർ തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു. മലയാളി സംവിധായകരായ ജോർജ്ജ്. വി.സി, കരീം മേപ്പാടി, വിഷ്ണു ഹരിദാസ് എന്നിവരുൾപ്പെടെ ഏഴ് സംവിധായകരാണ് മുഖാമുഖം പരിപാടിയിൽ പങ്കെടുത്തത്. സംവിധായകർ രസകരവും ശ്രമകരവുമായ തങ്ങളുടെ സിനിമാ നിർമ്മാണ അനുഭവങ്ങൾ പങ്കുവച്ച പരിപാടിയിൽ പുതുതലമുറയും സജീവമായി പങ്കെടുത്തു.
മേളയുടെ ഭാഗമായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന ക്വാർക്ക് ശില്പശാലയ്ക്കും മൂന്നാംദിനം തുടക്കമിട്ടു. ഫോട്ടോഗ്രഫി, എഡിറ്റിങ്, സിനിമാ നിർമ്മാണം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖർ വരുന്ന മൂന്നുദിവസങ്ങളിലും ക്ലാസ്സുകൾ നയിക്കും.

No comments:

Post a Comment