9th IDSFFK BLOG

(Maintained by IDSFFK Media Cell)

Saturday 11 June 2016

പ്രതീക്ഷകളുടെ ലോകവുമായി ഹ്രസ്വചിത്രങ്ങൾ


പരിസ്ഥിതി ചൂഷണവും പാർശ്വവത്കരിക്കപ്പെടുന്നവരുടെ പീഡകളും ആഴത്തിലും പരപ്പിലും വീക്ഷിക്കുന്ന സംവിധായകരുടെ സൃഷ്ടികളാണ് ഒൻപതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ അധികവും. പ്രതീക്ഷകളും നിശ്ചയദാർഢ്യവും മാത്രമാണ് അതിജീവനത്തിന് ആധാരമെന്ന് ഇവർ ചിത്രങ്ങളിലൂടെ പറയുന്നു. മെമ്മറീസ് ഓഫ് മാർച്ചിന്റെ സംവിധായകൻ ജിബിൻ രാജൻ, എ മില്യൺ തിങ്‌സിന്റെ സംവിധായകൻ വിഷ്ണു. വി.ആർ, മെമ്മറീസ് ഓഫ് എ മെഷീന്റെ സംവിധായിക ഷൈലജ  പടിന്തല എന്നിവർ രണ്ടാംദിവസം തങ്ങളുടെ ചിത്രങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു.
പുരുഷാധിപത്യമുള്ള അപകടകരമായ തൊഴിൽമേഖല തിരഞ്ഞെടുക്കേണ്ടിവന്ന ഒരമ്മയുടെ ഒരുദിവസമാണ് കനൽജീവിതമെന്ന ഡോക്യുമെന്ററിയിലൂടെ സംവിധായകൻ എം. വേണുകുമാർ പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. ആലപ്പുഴയിലെ കൊച്ചാനക്കുളങ്ങര അമ്പലത്തിലെ വെടിപ്പുരയിൽ 20 വർഷമായി ജോലി നോക്കുന്ന തങ്കമ്മയുടെ ജീവിതപശ്ചാത്തലം ഒരു മാസത്തോളം അടുത്തറിഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് ഡോക്യുമെന്ററി ആക്കിയതെന്നും എം. വേണുകുമാർ പറഞ്ഞു. സ്ത്രീശാക്തീകരണവും സ്വത്വബോധവുമെല്ലാം ഇവർക്ക് വെറും വാക്കുകളാണ്. മകനെയും കുടുംബത്തെയും സംരക്ഷിക്കാൻ തങ്കമ്മ ഇന്നും ഈ ജോലി ചെയ്യുന്നു. മേളയിൽ ആദ്യദിവസം മത്സരവിഭാഗച്ചിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കേരളത്തിൽ ഈ ജോലി ചെയ്യുന്ന ഒരേയൊരു സ്ത്രീ തങ്കമ്മയാണെന്നും സംവിധായകൻ അവകാശപ്പെടുന്നു.
കോഴിക്കുഞ്ഞുങ്ങൾക്കിടയിലെ സ്‌നേഹം മനസ്സിലാക്കുന്ന കുട്ടിയിലൂടെ മനുഷ്യബന്ധങ്ങളുടെ ആർദ്രതയാണ് എ മില്യൺ തിങ്‌സിലൂടെ വിഷ്ണു. വി.ആർ പറയുന്നത്. തന്റെ ആദ്യചിത്രമായ കൊക്കരക്കോ പ്രേക്ഷകശ്രദ്ധ നേടിയത് അടുത്ത ചിത്രത്തിന് പ്രചോദനമായെന്നും വിഷ്ണു പറഞ്ഞു. ആദ്യചിത്രത്തിന്റെ കഥയുമായി പലരെയും സമീപിച്ചെങ്കിലും സിനിമയാക്കാൻ സാധിച്ചില്ല. കഥാതന്തുവിലെ ലാളിത്യം അവരിൽ പലർക്കും അരസികമായി തോന്നുകയും ചെയ്തു. സിനിമയുടെ ലോകത്തേക്കുളള ചെറിയ കാൽവെയ്പുകളായാണ് വിഷ്ണു ചിത്രത്തെ കാണുന്നത്.
നിഷ്‌കളങ്കമായ ഒരു കാഴ്ചപ്പാട് മനുഷ്യന് ജീവിതം തന്നെ മടക്കിനൽകുമെന്ന യാഥാർത്ഥ്യമാണ് ജിബിൻ രാജനെ മെമ്മറീസ് ഓഫ് മാർച്ചിന്റെ ആശയത്തിലേക്ക് എത്തിച്ചത്. മരണാസന്നനായ ഒരു പത്തുവയസ്സുകാരന്റെ സ്വപ്നം വാസുദേവൻ എന്ന എഴുത്തുകാരനെ ആത്മഹത്യയിൽനിന്ന് പിന്തിരിപ്പിക്കുന്നു. എം.ടി. വാസുദേവൻനായരുടെ കടലാസുതോണികൾ എന്ന ചെറുകഥയാണ് ഈ സൃഷ്ടിക്ക് തനിക്ക് പ്രചോദനമായതെന്ന് വിഷ്ണു പറഞ്ഞു. മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
ആശയപരമായിത്തന്നെ വേറിട്ടുനിൽക്കുന്നതാണ് ഷൈലജ പടിന്തലയുടെ മെമ്മറീസ് ഓഫ് മെഷീൻ. വികാരങ്ങൾ പ്രകടിപ്പിക്കാൻ അറിയാത്ത യന്ത്രം പോലെയും ചില മനുഷ്യമനസ്സുകളുണ്ടെന്ന് ഷൈലജ പറയുന്നു. വളരെ ചെറിയ പ്രായം മുതൽ ലൈംഗികതയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തന്റെ അനുഭവങ്ങൾ പറയുന്ന ഒരു യുവതിയാണ് ചിത്രത്തിലുടനീളം. സദാചാരബോധത്തിനും സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്കും അപ്പുറത്ത് ഒരനുഭവമായി മാത്രം അതിനെ കാണാൻ ശ്രമിക്കുകയാണ് താൻ ചെയ്തതെന്നും അത് മറ്റൊരു വീക്ഷണതലമാണെന്നും ഷൈലജ പറയുന്നു.
രണ്ടാംദിവസം പ്രദർശിപ്പിച്ച മത്സരചിത്രങ്ങളെല്ലാംതന്നെ വേറിട്ടതും ഗൗരവതരവുമായ വിഷയങ്ങൾ പ്രതിപാദിച്ചവയാണ്. പ്രകൃതിയോടും കുടുംബബന്ധങ്ങളോടും ചേർന്നു നിൽക്കുന്നവയാണ് അതിലേറെയും.

No comments:

Post a Comment