9th IDSFFK BLOG

(Maintained by IDSFFK Media Cell)

Saturday 11 June 2016

സെൽഗാദോചിത്രങ്ങളെക്കുറിച്ച് വിം വെൻഡേഴ്‌സിന്റെ സാൾട്ട് ഓഫ് ദ എർത്ത്


നാലുപതിറ്റാണ്ടിലേറെക്കാലം ലോകമെമ്പാടും സഞ്ചരിച്ച് സെബാസ്റ്റിയാവോ സെൽഗാദോ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്.  ആ ചിത്രങ്ങളിലൂടെയുള്ള യാത്രയാണ് സാൾട്ട് ഓഫ് ദ എർത്ത് എന്ന ഡോക്യുമെന്ററി. കൊൽക്കത്തയിലെ തൊഴിലാളികൾ മുതൽ ആമസോൺ വനത്തിലെ ആദിവാസികൾ വരെയും റുവാണ്ടയിലെ വംശീയ കലാപം മുതൽ ആഫ്രിക്കൻ രാജ്യങ്ങളിലെ നരകതുല്യമായ ദാരിദ്ര്യജീവിതങ്ങൾ വരെയും സെൽഗാദോയുടെ ഫോട്ടോഗ്രാഫുകളിലൂടെ അന്വേഷിക്കുകയാണ് സാൾട്ട് ഓഫ് ദ എർത്ത്.
എക്കണോമിക്‌സ് പാഠങ്ങളിൽ നിന്നും ഫോട്ടോഗ്രാഫിയാണ് തന്റെ മേഖലയെന്ന് തിരിച്ചറിയുന്ന കാലം മുതൽ തുടങ്ങുന്നു സെൽഗാദോയുടെ അന്വേഷണങ്ങൾ. ഒടുങ്ങാത്ത യാത്രകൾ, തീരാത്ത യാതനകൾ, കെടുതികളും കണ്ണീരും കണ്ട് മനം മടുത്ത് ക്യാമറ എറിഞ്ഞുകളയാൻ തോന്നിയ നിമിഷങ്ങൾ. ഹെയ്തിയിലെയും നൈജീരിയയിലെയും കൊടിയ ദാരിദ്ര്യത്തിന്റെ ക്രൂരമായ ഫ്രെയിമുകൾ. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യം സെൽഗാദോയുടെ ക്യാമറ പരിസ്ഥിതിയിലേക്കു തിരിയുകയാണ്. ധ്രുവങ്ങളിലെ ജീവിതം മുതൽ മഴക്കാടുകൾ വരെ സെൽഗാദോ സഞ്ചരിക്കുന്നു.
മനുഷ്യന്റെ ചരിത്രം യുദ്ധങ്ങളുടെ കൂടി ചരിത്രമാണെന്നു തിരിച്ചറിയുന്ന സെൽഗാദോ ബ്രസീലിലേക്കു മടങ്ങിയെത്തി വരണ്ടുണങ്ങിയ ഒരു ഭൂപ്രദേശത്തെ കാടാക്കി മാറ്റുകയാണ്.  വിങ്‌സ് ഓഫ് ഡിസയറിന്റെയും പിനയുടെയുമൊക്കെ സംവിധായകനായ വിം വെൻഡേഴ്‌സാണ് സാൾട്ട് ഓഫ് ദ എർത്ത് സെൽഗാദോയുടെ മകൻ ജൂലിയാനോ റിബെറോ സെൽഗാദോയുമായിച്ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്.

No comments:

Post a Comment