9th IDSFFK BLOG

(Maintained by IDSFFK Media Cell)

Monday 13 June 2016

ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് (ജൂണ്‍ 14) തിരശീല വീഴും


തലസ്ഥാന നഗരിയില്‍ അഞ്ചുനാള്‍ കാഴ്ചയുടെ ഉത്സവമൊരുക്കിയ ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. വൈകിട്ട് ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റ്റി.രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍.രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ ചടങ്ങിനുശേഷം പ്രദര്‍ശിപ്പിക്കും.

മികച്ച ലോങ് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും, മികച്ച ഹ്രസ്വചിത്രത്തിനും ഷോര്‍ട്ട് ഫിക്ഷനും അന്‍പതിനായിരം രൂപ വീതവും മികച്ച അനിമേഷന്‍ ചിത്രം, സംഗീത വീഡിയോ എന്നിവയ്ക്ക് 25,000 രൂപ വീതവും മികച്ച ക്യാംപസ് ചിത്രത്തിനും ഛായാഗ്രാഹകനും 10,000 രൂപ വീതവുമാണ് പുരസ്‌കാരം. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു. മോഹനന്‍, പ്രശസ്ത ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയും ചലച്ചിത്രനിരൂപകയുമായ ബാര്‍ബറ ലോറി, ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായിക നിഷിത ജെയിന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍ സ്വരൂപ്, പ്രമുഖ സംവിധായകന്‍ ഹെന്റി ഹ്യൂഗ്‌സ്, സംവിധായകനും എഡിറ്ററുമായ വിനോദ് സുകുമാരന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഫിക്ഷന്‍ വിഭാഗത്തിലെ ജൂറി.

വൈല്‍ഡ്‌ലൈഫ് ആയിരുന്നു ഇത്തവണത്തെ മേളയുടെ പ്രമേയം. നരേഷ് ബേഡി, ശേഖര്‍ ദത്താത്രി, പ്രവീണ്‍ സിംഗ്, സന്ദേശ് കടൂര്‍, സുരേഷ് ഇളമണ്‍ തുടങ്ങിയ ഇന്ത്യയിലെ മികച്ച വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി സംവിധായകരുടെ ചിത്രങ്ങള്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. മറാഠി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി, വിവേക് ഖജാരിയ, വൈല്‍ഡ് ലൈഫ് ഹ്രസ്വചിത്രരംഗത്തെ പ്രമുഖരായ ശേഖര്‍ ദത്താത്രി, സന്ദേഷ് കടൂര്‍, സുരേഷ് ഇളമണ്‍ തുടങ്ങിയവരുടെ സാന്നിധ്യവും മേളയുടെ മാറ്റുകൂട്ടി.

വിവിധ വിഭാഗങ്ങളിലായി 204 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. മത്സരത്തിന് ആറ് വിഭാഗങ്ങളിലായി 81 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ എട്ടും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 19 ഉം ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 30 ഉം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മ്യൂസിക് വീഡിയോ വിഭാഗത്തില്‍ 14 ഉം ക്യാമ്പസ് ഫിലിം വിഭാഗത്തില്‍ നാലും അനിമേഷന്‍ വിഭാഗത്തില്‍ ആറ് ചിത്രങ്ങളും മത്സരത്തിന് ഉണ്ടായിരുന്നു.

ഫോക്കസ് വിഭാഗത്തില്‍ 40 ഡോക്യുമെന്ററികള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. പ്രശസ്ത മണിപ്പുരി സംവിധായകന്‍ അരിബാം ശ്യാം ശര്‍മയുടെ ചിത്രങ്ങള്‍ റിട്രോസ്‌പെക്റ്റീവ് വിഭാഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. ചൈനീസ് സംവിധായകനായ വാങ് ബിങ്, കശ്മീരി സംവിധായകന്‍ സഞ്ജയ് കാക്ക് എന്നിവരുടെ ചിത്രങ്ങളാണ് ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള ഹ്രസ്വചിത്രങ്ങള്‍, പ്രമുഖ മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി ക്യുറേറ്റ് ചെയ്ത ബീജ്, ലോകത്തിലെ ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒബഹൗസന്‍ മേളയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജര്‍മന്‍ ചിത്രങ്ങള്‍ എന്നിവയും മേളയെ ആകര്‍ഷകമാക്കി മാറ്റി. വാങ് ബിങ്ങിന്റെ ക്രൂഡ് ഓയില്‍ എന്ന ചിത്രം വീഡിയോ ഇന്‍സ്റ്റലേഷനായി ഫെസ്റ്റിവല്‍ കോംപ്ലക്‌സില്‍ കൈരളി തീയറ്ററിന് മുന്‍വശം പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത് വേറിട്ട അനുഭവമായി.

No comments:

Post a Comment