9th IDSFFK BLOG

(Maintained by IDSFFK Media Cell)

Monday 13 June 2016

'അതിജീവിച്ചത് വൈകാരിക വെല്ലുവിളികളെ' - സംവിധായകര്‍


ഒന്‍പതാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയുടെ രണ്ടാംദിവസം  സേവിങ് ദ സേവിയറുടെ സംവിധായകന്‍ ജലാലുദീന്‍ ബാബ, ഐ ആം ബോണിയുടെ സംവിധായകന്‍ സൗരവ് കാന്തി ദത്ത, 18 ഫീറ്റിന്റെ സംവിധായകന്‍ രജ്ഞിത് കുഴൂര്‍, കാലിയ ദ ലോസ്റ്റ് ഗിബണിന്റെ സംവിധായകരായ നിഖില്‍ വിര്‍ദി, നിത്യെ സൂദ്, എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ആശയം ചലച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതുവരെ സംവിധായകര്‍ നേരിടുന്ന വൈകാരിക വെല്ലുവിളികള്‍ വലുതാണെന്ന് സംവിധായകര്‍ അഭിപ്രായപ്പെട്ടു. പ്രകൃതിയും പാര്‍ശ്വവത്കരിക്കപ്പെട്ടവരും വിഷയമാകുന്ന ചിത്രങ്ങള്‍ പ്രേക്ഷകരേയും ഏറെ സ്വാധീനിക്കുന്നുണ്ട്.

ഭൂമിയിലെ സ്വര്‍ഗമെന്ന് വിളിക്കപ്പെടുന്ന കാശ്മീരില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന വൂളാര്‍ തടാകത്തില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ വിറ്റു ജീവിക്കുന്ന ബില്ല എന്ന കുട്ടിയുടെ ജീവിതമാണ് ജലാലുദ്ദീന്‍ ബാബയുടെ സേവിങ് ദ സേവിയര്‍ എന്ന ഡോക്യുമെന്ററി.  ജലാലുദ്ദീന് ചിത്രീകരണത്തിനിടെ പ്രകൃതിക്ഷോഭമുള്‍പ്പെടെ നിരവധി തടസ്സങ്ങള്‍ തരണം ചെയ്യേണ്ടിവന്നു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്തുതന്നെ ആയാലും മനുഷ്യനേയും പ്രകൃതിയേയും നിലനിര്‍ത്തേണ്ടതാണ് ആത്യന്തികമായ ആവശ്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വംശനാശം നേരിടുന്ന ഇന്ത്യന്‍ ആള്‍ക്കുരങ്ങ് ഹൂ ലോക്ക് ഗിബണിനെക്കുറിച്ചുള്ളതാണ് നിഖില്‍ വിര്‍ദിയുടേയും നിത്യെ സൂദിന്റെയും കാലിയ എന്ന ചിത്രം. കൂട്ടത്തിലുള്ള കുരങ്ങുകളെ കണ്ടെത്താന്‍ കഴിയാതെ മനുഷ്യര്‍ക്കിടയില്‍ അഭയം തേടിയ  കാലിയയെയാണ് ഇവര്‍ ചിത്രീകരിച്ചത്. എന്നാല്‍ മറ്റു കുരങ്ങുകള്‍ക്കുണ്ടായ അതേ ദുരന്തംതന്നെ കാലിയയേയും പിന്നീട് വേട്ടയാടിയത് സംവിധായകര്‍ക്ക് നൊമ്പരമായി.
ഐ ആം ബോണി, 18 ഫീറ്റ് തുടങ്ങിയ ചിത്രങ്ങള്‍ പറയുന്നത് മുഖ്യധാരയ്ക്കു പുറത്തുള്ളവരുടെ പ്രശ്‌നങ്ങളാണ്. ദളിതരോടുള്ള സമൂഹത്തിന്റെ മനോഭാവം തങ്ങളുടെ സംഗീതത്തെ മുന്‍നിരയില്‍ എത്തിക്കുന്നതിന് തടസങ്ങള്‍ സൃഷ്ടിക്കുന്ന കഥ പറയുകയാണ് 18 ഫീറ്റ്. കരിന്തലക്കൂട്ടം എന്ന പ്രമുഖ ബാന്‍ഡിലെ അംഗങ്ങള്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളാണ് സംവിധായകന്‍ രഞ്ജിത് കുഴൂര്‍ സമൂഹശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. എട്ടുവര്‍ഷത്തിനിടെ പലതവണയായാണ് രഞ്ജിത് ഇവരുടെ ജീവിതം പകര്‍ത്തിയത്.

ഭിന്നലിംഗക്കാരോട് അസഹിഷ്ണുത പുലര്‍ത്തുന്ന സമൂഹത്തില്‍ ഒരു കായികതാരത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ഐ ആം ബോണി. ലിംഗഭേദങ്ങള്‍ക്കിടയില്‍ ബോണിക്ക്  തന്റെ അസ്തിത്വം നഷ്ടപ്പെടുകയും കായിക ജീവിതംതന്നെ അവസാനിപ്പിക്കേണ്ടിവരുകയും ചെയ്യുന്നു. അതിജീവനത്തിനായി ഇന്നും സമൂഹത്തോട് മല്ലിടുകയാണ് തങ്ങളുടെ സുഹൃത്ത് കൂടിയായ ബോണിയെന്ന് സംവിധായകരില്‍ ഒരാളായ സൗരവ് കാന്തി ദത്ത പറഞ്ഞു.

ആശയങ്ങളെ അവയുടെ തീവ്രതചോരാതെ ഉള്‍ക്കൊള്ളുന്ന, മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന ആസ്വാദക സമൂഹത്തെ കേരളത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാധ്യമസംവാദത്തില്‍ പങ്കെടുത്ത സംവിധായകര്‍ പറഞ്ഞു.

No comments:

Post a Comment